Translate

05 July, 2015

കണ്ണാടി നോക്കുന്ന പക്ഷി...

പക്ഷികളും മൃഗങ്ങളും മനുഷ്യനെ പോലെ കണ്ണാടി നോക്കാനും സൗന്ദര്യം ആസ്വദിക്കുവാനും ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ... വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാൻ
പറയാം ഒരു ദിവസം കൂത്തുപറമ്പ് മമ്പറത്ത് നിന്നും അഞ്ജരക്കണ്ടിയിലേക്ക് പോകുവാനായി
ബസ്സ്‌ കാത്തു നിൽക്കവേയാണ് ആ കാഴ്ച്ച കാണാനിടയായത്.


കാണാൻ തരക്കേടില്ലാത്തതും സുന്ദരിയും സൗന്ദര്യബോധവുമുള്ള ഒരു ന്യൂ ജനറേഷൻ പക്ഷി പാറി വന്ന് അവിടെ നിർത്തിയിട്ട ബൈക്കിന്റെ കണ്ണാടിക്ക് മുകളിൽ വന്നിരുന്നു. തിളക്കമുള്ള എന്തോ ഒന്ന് മുന്നിൽ കണ്ടതും എല്ലാവരെയും പോലെ അവളും ഒന്നെത്തിനോക്കി.

പിന്നീട്ടുണ്ടായ പുകിലൊന്നും പറയാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. തലകുത്തി മറിയുന്നു, പാറി വന്ന് കൊത്തിനോക്കുന്നു, തല ചെരിച്ചും മറിച്ചും നോക്കുന്നു, കണ്ണാടിയിൽ തൂങ്ങിക്കിടന്ന് ആടുന്നു അങ്ങനെ തന്നെ കൊണ്ട് കഴിയുന്നതെല്ലാം ചെയ്തു. ആദ്യത്തെ നോട്ടം ഇതെന്താണെന്ന് അറിയാനായിരുന്നു പിന്നീടുള്ള നോട്ടം താനെങ്ങനെ അതിനകത്ത് പെട്ടുപോയി എന്നറിയാനായിരുന്നു.

ആദ്യമായി സ്വന്തം പ്രതിബിംബം കണ്ണാടിയിൽ കണ്ടപ്പോൾ പാവം പക്ഷിയുടെ ചങ്ക് ഒന്ന് കാളി. പേടിച്ച കണ്ണുകളോടെ അടുത്തുള്ള മരക്കൊമ്പിൽ പാറി ചെന്നിരുന്നു. ആദ്യം ഒന്ന് പേടിച്ചുവെങ്കിലും ധൈര്യം സംഭരിച്ച് വീണ്ടും പാറി വന്ന് കണ്ണാടിയിൽ തൂങ്ങി കിടന്ന് " ഹും ഈ നെട്ടൂരാനോടാണോ നിന്റെ കളി " എന്ന് കണ്ണാടി നോക്കികൊണ്ട് ചോദിക്കുന്നുണ്ടായിരുന്നു. ഇതെല്ലാം കണ്ടുകൊണ്ട് പക്ഷിയുടെ തൊട്ടടുത്ത് ഞാൻ എത്തിയിട്ടും കണ്ണാടി നോക്കുന്ന തിരക്കിനിടയിൽ കഥയിലെ നായിക എന്നെ കണ്ടത്പോലുമില്ല.

താനൊരു സുന്ദരിയാണെന്ന് പണ്ട് പ്രേമിച്ച് നടക്കുന്ന കാലത്ത് പക്ഷിയോട് തന്റെ കാമുകൻ പറഞ്ഞതിന്റെ പൊരുൾ കണ്ണാടി നോക്കിയപ്പോളാണ് പക്ഷിക്ക് ബോധ്യമായത്. ഇന്നത്തെ തന്റെ യാത്രയിലെ കണ്ണാടി രഹസ്യങ്ങളും കാണുവാനിടയായ മറ്റ് അനുഭവങ്ങളും കൂടെയുള്ള എല്ലാ കൂട്ടുകാരോടും പറഞ്ഞറിയിക്കണം എന്നും മനസ്സിൽ കുറിച്ചിട്ട്‌ സന്തോഷത്തോടെ പാറി പറന്ന് പോയപ്പോൾ നോക്കി നിൽക്കാതെ എല്ലാം ഞാൻ ക്യാമറയിൽ പകർത്തി.
പക്ഷിക്ക് കണ്ണാടി കാണാനിടയായ സന്തോഷം എനിക്കാണെങ്കിൽ പക്ഷി കണ്ണാടി നോക്കുന്നത് കാണാനും അതെല്ലാം ക്യാമറയിൽ പകർത്താൻ കഴിഞ്ഞതിലുള്ള സന്തോഷം.

No comments:

Post a Comment