Translate

10 February, 2016

അണ്ണാറകണ്ണാ വാ പൂവാലാ...

നമ്മുടെ നാട്ടിൻപുറങ്ങളിലും വീട്ടു വളപ്പിലും ഓടിൻ പുറത്തും ചിൽ.. ചിൽ... ശബ്ദമുണ്ടാക്കി ഓടിച്ചാടി നടന്ന അണ്ണാറക്കണ്ണൻമാർ എവിടേക്ക് മാഞ്ഞു പോയതാണ്...? ക്യാമറയുമായി എത്രയോ ദിവസം ഞാൻ നടന്നിട്ടും രണ്ടോ മൂന്നോ തവണയാണ് അണ്ണാറക്കണ്ണനെ കാണുവാൻ കഴിഞ്ഞുള്ളൂ. അതും അപൂരവ്വത്തിൽ അപൂർവ്വമായി എന്ന് തന്നെ പറയേണ്ടി വരും.
മാങ്ങയും ചക്കയും പഴുത്ത് തുടങ്ങിയാൽ മാവിൻ മുകളിൽ തുള്ളിച്ചാടി നടക്കാറുള്ള അണ്ണാറക്കണ്ണനും ആ പഴയ മാമ്പഴക്കലവും ഇനി നമ്മുടെ അരികിലേക്ക് തിരിച്ച് വരുമോ...? ചുറ്റുവട്ടത്ത് എന്റെ കുട്ടിക്കാലത്ത് കണ്ടിരുന്ന പലതും ഇന്ന് കണി കാണാൻ പോലുമില്ലാതായിരിക്കുന്നു.

നമുക്ക് എല്ലാം നഷ്ട്ടമാകുകയാണ് എന്ന് പറയണം കാരണം അവ്യക്തമല്ല എന്നൊന്നും പറയാനും പറ്റില്ല ഓരോന്നിനും വ്യക്തമായ കാരണം തന്നെയുണ്ട്. സ്നേഹിക്കാൻ മാത്രം അറിയുന്ന ജീവികൾക്ക് സ്നേഹവും സഹതാപവും മറന്നു പോയികൊണ്ടിരിക്കുന്ന സ്വാർത്ഥ തൽപരരായ മനുഷ്യരുടെ ഇടയിൽ ജീവിക്കാൻ വളരെ ബുദ്ധിമുട്ടാണ്. പ്രകൃതിയിലെ മരങ്ങൾ നശിപ്പിച്ചും നമുക്ക് ലാഭം കിട്ടാത്ത തെല്ലാം വെട്ടി മാറ്റിയും നാം മുന്നേറുമ്പോൾ നമുക്ക് നിസ്സാരമായ പലതും നമ്മുടെ ചുറ്റിലും ജീവിക്കുന്ന പല ജീവികളുടെയും വാസ സ്ഥലങ്ങളായിരുന്നു. കുറ്റിക്കാടുകളും ഇലകളും അവർക്ക് അവരുടെ ജീവിതം ശത്രുക്കളിൽ നിന്നും രക്ഷപെടുത്താനുള്ള വലിയ പ്രതീക്ഷകകളായിരുന്നു.
നമ്മുടെ കൈ കടത്തലുകൾ എത്രമാത്രം ആഴത്തിലാണ് മറ്റുള്ളവരുടെ നാശത്തിന് കാരണമാകുന്നത് എന്ന് ആരും തന്നെ ചിന്തിക്കാറില്ല. കുഞ്ഞുങ്ങളെ പ്രസവിക്കുന്ന പാവം അണ്ണാറക്കണ്ണന് സ്വസ്ഥമായി കൂടുണ്ടാക്കി കുഞ്ഞുങ്ങളെ വളർത്തുവാൻ പറ്റിയ സാഹചര്യങ്ങളെല്ലാം നശിച്ച് കഴിഞ്ഞു.
അല്ലെങ്കിൽ പലതും ഈ ഭൂമുഖത്ത് നിന്നും ഇല്ലാതായത് പോലെ ഈ ജീവിയും നമ്മുടെ ചുറ്റുപാടിൽ നിന്നും നശിക്കട്ടെ. എന്നിട്ട് വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ കൂട്ടത്തിൽ ഇതിനെയും ഉൾപെടുത്തി നമുക്ക് സഹതപിക്കാം. ഏതാനും വർഷങ്ങൾക്ക് ശേഷം പത്രങ്ങളിൽ ഇങ്ങനെ ഒരു വാർത്ത പ്രതീക്ഷിക്കാം. വീട്ടുവളപ്പിൽ അണ്ണാറക്കണ്ണനെ കണ്ടെത്തി....!!!

മനുഷ്യനുമായി അടുത്ത് ഇടപഴകാറുള്ള അണ്ണാറക്കന്മാർ നമ്മുടെ കൈകളിൽ വന്ന് ഭക്ഷണം വാങ്ങി പോകാൻ പോലും മടിയില്ലാത്ത ഇണക്കമുള്ള ജീവിയാണ്. നമുക്ക് ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശമുള്ളത് പോലെ തന്നെ ഇതുപോലുള്ള ചെറു ജീവികൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട്. മരങ്ങളും കാടുകളും മുറിച്ച് നശിപ്പിച്ചാൽ ഇതുപോലെ പലതും നമ്മുടെ നാട്ടിൽ അപൂർവ്വ കാഴ്ച്ചകളായി മാറുന്നതിൽ യാതൊരു അതിശയവുമില്ല. പണത്തോടുള്ള ആർത്തി മാറി മനുഷ്യൻ പ്രകൃതിയോടുള്ള ചൂഷണം അവസാനിപ്പിക്കുന്നത് എന്നാണോ അന്ന് ഒരുപക്ഷെ തിരിച്ചു പോയതും നശിച്ച് പോയതും പതിയെ നമുക്കരികിലേക്ക് വീണ്ടും വന്നു തുടങ്ങും.


കാടും മരവും നശിപ്പിച്ച് പലതിനെയും നമ്മുടെ ഇടയിൽ നിന്നും നാംതന്നെ ആട്ടി പായിച്ചിട്ട് ഇപ്പോൾ ഇരുന്ന് പുകഴ്ത്തി പാടിയത് കൊണ്ട് അണ്ണാറക്കണ്ണന്മാർ തിരിച്ച് വരുമെങ്കിൽ ഇനിയും ഒരു നൂറ് പാട്ടുകൾ നമുക്ക് പാടിയിരിക്കാം.



അണ്ണാറ ക്കണ്ണാ വാ പൂവാലാ ചങ്ങാത്തം കൂടാൻ വാ....
മൂവാണ്ടൻ മാവേൽ വാവാ ഒരു പുന്നാര തേൻ കനി താ താ ...

No comments:

Post a Comment