Translate

14 April, 2016

ശശിപ്പാറയും നീലക്കുറിഞ്ഞി പൂക്കളും...

കണ്ണൂർ ജില്ലയിലെ എന്നാൽ അധികമാരും പോയിട്ടുണ്ടാവില്ലാത്ത ഒരിടം നിങ്ങൾക്കായി പങ്കുവെക്കാം. മലയോര മേഘലയായ ഇരിട്ടിയിൽ നിന്നും ഏതാനും കിലോമീറ്ററുകൾ പിന്നിട്ടാൽ മണിക്കടവിലേക്ക് എത്താം. ചെറു ഗ്രാമമായ മണിക്കടവിൽ നിന്നും കാഞ്ഞിരക്കൊല്ലിയിലേക്ക് കയറ്റം കയറിയാൽ കാഞ്ഞിരക്കൊല്ലി വെള്ളച്ചാട്ടത്തിലും ശശിപ്പാറയിലും എത്തിച്ചേരാം.
എല്ലാം സുന്ദരമായ
സ്ഥലങ്ങളാണ്. ഒരിക്കൽ
യാത്ര പോയാൽ വീണ്ടും ചെന്നെത്താൻ മനസ്സ് പറയുന്ന ചില സ്ഥലങ്ങളുടെ കൂട്ടത്തിൽ കാഞ്ഞിര കൊല്ലിയെയും ഉൾപ്പെടുത്താം. ദിവസം മുഴുവൻ കാണാനുള്ളത്ര കാഴ്ച്ചകൾ പ്രകൃതി ഒരുക്കി വെച്ചിരിക്കുകയാണ്.
മണിക്കടവിൽ നിന്നും കാഞ്ഞിരക്കൊല്ലിയിലേക്ക് സ്വന്തം വാഹനമുള്ളവർക്ക് അതുമായി പോകാം അല്ലാത്തവർക്ക് മണിക്കടവിൽ നിന്നും ഓട്ടോയും ജീപ്പും ലഭിക്കും. 
മുകളിലേക്ക് കയറുന്നതിന് മുമ്പ് മറ്റൊരു കാര്യം കയ്യിൽ ഒരു തോർത്ത് മുണ്ട് കരുതുന്നത് നന്നായിരിക്കും. ഇല്ലെങ്കിൽ വെള്ളം കാണുമ്പോൾ പലരും നീരാടുമ്പോൾ അതും നോക്കി ദു:ഖിച്ചിരിക്കേണ്ടി വരും. 
അര മണിക്കൂറോളം വീതി കുറഞ്ഞ റോഡിലൂടെ മുകളിലേക്ക് കയറിയാൽ കാഞ്ഞിര കൊല്ലി വെള്ളച്ചാട്ടത്തിലേക്ക് പോകാനുള്ള വഴിയിലേക്ക് എത്താം. വാഹനം അവിടെ പാർക്ക് ചെയ്ത് വെള്ളച്ചാട്ടത്തിനരികിലേക്ക് അഞ്ച് മിനിറ്റോളം നടക്കാനുണ്ട്.
ഉയരമുള്ള വലിയ പാറകളുടെ മുകളിൽ നിന്നും താഴേക്ക് ചിതറിത്തെറിക്കുന്ന പളുങ്ക് മണി പോലെ ശുദ്ധമായ വെള്ളത്തിൽ മതിവരുവോളം കുളിച്ച് ഉല്ലസിച്ച് കളിക്കാം. വലിയ ഉയരത്തിൽ നിന്നും ചാടി വീഴുന്ന വെള്ളച്ചാട്ടത്തിന്റെ ശബ്ദം ദൂരെ നിന്ന് കേൾക്കാം. 
ഓഗസ്റ്റ് സെപ്റ്റംബർ ഒക്ടോബർ മാസങ്ങൾ അനുയോജ്യമായ കാലാവസ്ഥയാണ്. മറ്റൊരു കാര്യം കൂടെ പറയാം പാറകളുടെ മുകളിൽ വലിഞ്ഞ് കയറാൻ ദയവ് ചെയ്ത് ശ്രമിക്കരുത്. അത്രക്ക് വഴുക്കലുള്ളതും ചെങ്കുത്തായതുമായ പാറകളുള്ള സ്ഥലമാണത്.
ബീർ കള്ള് മുതലായവയുമായി ചെല്ലുന്നവർക്ക് ചിലപ്പോൾ പ്രദേശവാസികളുടെയും പ്രത്യേകിച്ച് പോലീസിന്റെയും തല്ല് കിട്ടാൻ വഴിയുണ്ട്. അങ്ങനെയുള്ളവ ഒഴിവാക്കുന്നതാണ് നല്ലത്.
ഇടക്കിടെ ഇവിടെ നീലക്കുറിഞ്ഞിയും പൂക്കാറുണ്ട് അതുകൊണ്ട് 12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീല കുറിഞ്ഞി പൂവ് കാണാനും ചിലപ്പോൾ കാഞ്ഞിരക്കൊല്ലിയിൽ ഭാഗ്യം ലഭിച്ചേക്കാം. 
വെള്ളച്ചാട്ടത്തിൽ നീരാടിക്കഴിഞ്ഞെങ്കിൽ തല തോർത്തി ഉന്മേഷത്തോടെ ശശിപ്പാറയിലേക്ക് പോകാം. വെള്ളച്ചാട്ടവും പിന്നിട്ട് മുകളിലേക്ക് കയറിയാൽ ശശിപ്പാറയിൽ ചെന്നെത്താം. ശശിപ്പാറയിൽ ആകാശം തൊടുന്ന അനുഭവം നിങ്ങൾക്കുണ്ടാവും. ശശിപ്പാറയിൽ നിന്നും താഴേക്ക് നോക്കിയാൽ മണിക്കടവ് കാഞ്ഞിരക്കൊല്ലി തുടങ്ങി വിശാലമായ കാഴ്ച്ച കാണാം. ശശിപ്പാറ നിങ്ങളെ ശശിയാക്കില്ല കാരണം ഈ സ്ഥലത്തിന്റെ മനോഹാരിത ഞങ്ങൾ അനുഭവിച്ചറിഞ്ഞതാണ്.